
തിരുവനന്തപുരം : പോളിയോ നിർമാർജന ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടക്കും. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഇന്ന് പ്രതിരോധ തുള്ളിമരുന്ന് നൽകുന്നത്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേനയാണ് മരുന്ന് നൽകുന്നത്.
അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ 22,383 ബൂത്തുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ അടക്കം ഈ കേന്ദ്രങ്ങൾ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും.