തൃശ്ശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പുരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് പൊലീസ് കേസെടുത്തു. കേന്ദ്രമന്ത്രിക്കെതിന്റെ കേസെടുത്തത് തൃശൂർ ഈസ്റ്റ് പൊലീസാണ്. ഐപിസി ആക്ട്, മോട്ടർ വാഹന നിയമത്തിലെ വകുപ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗികളുടെ ഗതാഗതത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ആംബുലൻസ്, ജനക്കൂട്ടത്തിനിടയിലൂടെ അശ്രദ്ധമായി ഓടിച്ചെന്നാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 34 വകുപ്പുകൾ, മോട്ടോർ വാഹന നിയമത്തിലെ 179, 184, 188, 192 തുടങ്ങിയ വകുപ്പുകൾ അനുസരിച്ച് ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് അഭിഭാഷകനായ തൃശൂർ പുല്ലഴി സ്വദേശി സുമേഷ് ഭാവദാസ് നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയാണ് പരാതി കിട്ടിയതെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആംബുലൻസിൽ പൂരനഗരിയിലേക്ക് വന്നത് സുരേഷ് ഗോപി നിഷേധിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നതിനാൽ സുരേഷ് ഗോപിക്ക് തന്നെ ഇതു സമ്മതിക്കേണ്ടി വന്നിരുന്നു.