
തിരുവനന്തപുരം : നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റദ്ദാക്കിയ വാർദ്ധക്യകാല പെൻഷൻ കുടിശ്ശിക അഞ്ച് ഗഡുക്കളായി നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. മൂന്നാഴ്ചക്കകം ഇതിനുള്ള അനുമതി നൽകണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വേദനായകന്റെ പെൻഷനാണ് 2016 ഒക്ടോബറിൽ നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റദ്ദാക്കിയത്. പെൻഷൻ കുടിശ്ശിക വ്യക്തിഗതമായി അനുവദിക്കാൻ കഴിയില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. 2022 ഒക്ടോബർ ഏഴിലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഈ വാദം ഉന്നയിച്ചത്.
എന്നാൽ ഈ സർക്കാർ ഉത്തരവ് വരുന്നതിന് വർഷങ്ങൾ മുൻപാണ് വേദനായകന്റെ പെൻഷൻ റദ്ദാക്കിയതെന്നും കുടിശ്ശിക നൽകാൻ കമ്മീഷൻ ഉത്തരവ് നൽകിയതും ഈ സർക്കാർ ഉത്തരവിന് മുൻപാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം എടുത്തുകളയുന്നത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി.
കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നതിനായി 2016 ഒക്ടോബർ മുതൽ 2020 ഡിസംബർ വരെയുള്ള ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുന്നതിനുള്ള സർക്കാർ ഉത്തരവിനായി സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് മാസാമാസമുള്ള പെൻഷൻ നൽകി തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.