
തിരുവനന്തപുരം : സംസ്ഥാനത്തെ സ്പാകളിൽ മസാജ് സെന്ററുകളിലും പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. വിവിധ ജില്ലകളിലായി ഇതുവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 821 സ്ഥാപനങ്ങളിൽ 586 എണ്ണത്തിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. ക്രമസമാധാന വിഭാഗം എഡിജിപി പി വിജയന്റെ നിർദേശാനുസരണമായിരുന്നു ഓപ്പറേഷന് സ്പാ എന്ന പ്രത്യേക പരിശോധന.
ഏറ്റവും കൂടുതൽ നടപടികൾ ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെയുള്ള 87 കേന്ദ്രങ്ങളിൽ 70 എണ്ണത്തിലും റെയ്ഡ് നടത്തി. 4 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മലപ്പുറം ജില്ലയിൽ 78 കേന്ദ്രങ്ങളിൽ 71 ഇടങ്ങളിലും തൃശ്ശൂർ സിറ്റിയിൽ 58ൽ 56 എണ്ണത്തിലും പാലക്കാട് 71ൽ 55 സ്ഥാപനങ്ങളിലും പൊലീസ് സംഘം പരിശോധന പൂർത്തിയാക്കി.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്ന് കേസുകൾ വീതവും എറണാകുളം റൂറലിൽ രണ്ടും കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെ പ്രവർത്തിച്ച 44 സ്പാകൾക്ക് നോട്ടീസ് നൽകി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്ന് എഡിജിപി അറിയിച്ചു.