
തിരുവനന്തപുരം : കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഓം പ്രകാശ് മാഥൂറിന്
സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റിയതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂറിനെ കേരളത്തിലേക്ക് നിയമിച്ചത്. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് ചടങ്ങിൽ സംബന്ധിച്ചില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ടിൽ എത്തിയ നിയോജിത ഗവർണർക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നൽകിയിരുന്നു. ചടങ്ങിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചുമതലയേറ്റ ശേഷം മാഥൂർ പ്രതികരിച്ചു.