
തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് ബാധിച്ച വ്യക്തിയുടെ സാമ്പിളുകൾ നെഗറ്റീവ്.രണ്ടു സാമ്പിളുകൾ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടർ ജിതേഷുമായി സംസാരിച്ചു.കഴിഞ്ഞ 14 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വസനം ചെയ്യുന്നത്. ഇപ്പോൾ പൂർണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.
ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജൻ സാച്ചുറേഷൻ തുടങ്ങിയ അടിസ്ഥാന സൂചകങ്ങൾ എല്ലാം സാധാരണ നിലയിലാണ്. കരൾ, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവർത്തനങ്ങളും പതിയെ മെച്ചപ്പെടുന്നുണ്ട്.
ചിലപ്പോഴെങ്കിലും കണ്ണുകൾ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകൾ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയിൽ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടർ എംആർഐ പരിശോധനകളിൽ അണുബാധ കാരണം തലച്ചോറിൽ ഉണ്ടായ പരിക്കുകൾ ഭേദമായി വരുന്നതായും മന്ത്രി പറഞ്ഞു.