Banner Ads

കണ്ണൂരിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസ് പിടിയിൽ; വിൽപന ഓൺലൈൻ പണമിടപാട് വഴി

കണ്ണൂർ: അഴീക്കോട് മൂന്നുനിരത്തിൽ വൻ കഞ്ചാവ് ശേഖരവുമായി ഒഡീഷ സ്വദേശി എക്സൈസിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ ജാദു ഗോഡൈ (34) ആണ് 1.140 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന പ്രധാനികളിൽ ഒരാളാണ് ഇയാളെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

തന്റെ വിശ്വസ്തരായ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ വിൽപന. ഓൺലൈൻ വഴി പണം വാങ്ങിയ ശേഷം കൃത്യമായി കഞ്ചാവ് എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ പതിവ് രീതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പ്രതിയെ വലയിലാക്കിയത്.പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പങ്കജാക്ഷൻ സി, രജിരാഗ് പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ രമിത്ത് കെ, റെനിൽ കൃഷ്ണൻ, അമൽ കെ, ഡ്രൈവർ ജോജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.