
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ യാത്രാ പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. പ്രായഭേദമന്യേയും വരുമാന പരിധിയില്ലാതെയും മുഴുവൻ വനിതകൾക്കും സൗജന്യ യാത്ര നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ജൂൺ 15 മുതൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം.
ഓർഡിനറി ബസുകൾക്ക് പുറമെ സൂപ്പർ ഫാസ്റ്റ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് പരിഗണനയിലുണ്ട്.കർണാടക മോഡലിൽ വനിതകൾക്കായി പ്രത്യേക യാത്രാ കാർഡുകൾ കെഎസ്ആർടിസി വഴി വിതരണം ചെയ്യും.ആനുകൂല്യം ലഭിക്കുന്നതിന് നിലവിൽ പ്രായ പരിധിയോ വരുമാന പരിധിയോ നിശ്ചയിക്കേണ്ടതില്ലെന്നാണ് ഉയർന്നുവന്ന ധാരണ.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമുഖ വനിതാ ചലച്ചിത്ര താരങ്ങളെ ഉൾപ്പെടെ പങ്കെടിപ്പിച്ച് വൻ ജനപങ്കാളിത്തത്തോടെ നടത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.