
മലപ്പുറം : വഴിക്കടവ് ആനമറിയിൽ വീണ്ടും പുലിയിറങ്ങി. ആനമറി സ്വദേശിയായ കാക്കത്തോടൻ താജുദ്ദീന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്ത് കോഴികളെ പിടികൂടി. ഇന്ന് രാവിലെയാണ് കോഴിക്കൂട് തകർത്ത നിലയിൽ കണ്ടത്. വീടിന് പരിസരത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് സമീപത്തുള്ള പിലാത്തോടിക മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ ഇഷ്ടിക കൊണ്ട് നിർമ്മിച്ച കൂട് തകർത്ത് പുലി താറാവുകളെ പിടികൂടിയിരുന്നു.
മുജീബിന്റെ വീട്ടിൽ മാത്രം ഒരാഴ്ചത്തെ ഇടവേളയിൽ രണ്ട് തവണയാണ് പുലി എത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി നാടുകാണി ചുരം ഒന്നാം വളവിന് താഴെ പുലി റോഡ് മുറിച്ചുകടന്ന് താഴേക്ക് ഇറങ്ങുന്നത് ഒരു ലോറി ഡ്രൈവർ കണ്ടിരുന്നു. പുലിയെ കണ്ട വിവരം താഴെ ചെക് പോസ്റ്റിലുണ്ടായിരുന്ന പൊലീസിനെ അറിയിച്ചിരുന്നതായും പ്രദേശവാസിയായ ഡ്രൈവര്‍ പറഞ്ഞു.