Banner Ads

സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ല; തൽക്കാലം ഹ്രസ്വകാല കരാറുകളില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ട് മാസത്തേക്ക് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ. തൽക്കാലം പുറത്തുനിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.

വൈദ്യുതി ലഭ്യത ഉറപ്പായതോടെ പുതിയ ജിഎൻഎ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ്) ഹ്രസ്വകാല വൈദ്യുതി കരാറുമായി തൽക്കാലം മുന്നോട്ട് പോകേണ്ടതില്ലെന്നാണ് തീരുമാനം. റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ സുതാര്യമായ ടെൻഡർ നടപടികളോ ഇല്ലാതെ ജിഎൻഎ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ നേരത്തെ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് നിലവിലെ നീക്കങ്ങൾ നിർത്തിവെച്ചത്.

‘കൃത്രിമ ക്ഷാമ പ്രചാരണത്തിനു പിന്നിൽ സമ്മർദമോ?’ പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശംസംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് വ്യക്തമായതോടെ, വൈദ്യുതിക്ഷാമം ഉണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സർക്കാർ സംശയിക്കുന്നു. ഉടൻ കരാറുകളിൽ ഒപ്പുവെച്ചില്ലെങ്കിൽ പവർകട്ട് അനിവാര്യമാകുമെന്ന മുന്നറിയിപ്പുമായി മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം എഴുതിയ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

അടിയന്തരമായി വൈദ്യുതി കരാർ ഒപ്പിടാൻ സമ്മർദം ചെലുത്തിയതിനു പിന്നിലെ ഉദ്ദേശ്യം പരിശോധിക്കും. പ്രതിസന്ധിയില്ലാത്ത സാഹചര്യത്തിൽ ഉയർന്ന നിരക്കിൽ ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങാൻ എന്തിനാണ് സമ്മർദം ചെലുത്തിയതെന്നും മുഖ്യമന്ത്രി ആരായുമെന്നാണ് സൂചന.