
തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലെ പരമ്പരാഗത അനൗൺസ്മെന്റ് സംവിധാനം ഒഴിവാക്കാനൊരുങ്ങി അധികൃതർ. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കാനാണ് തീരുമാനം. ഡിസംബർ പകുതിയോടെ പദ്ധതി നടപ്പിലാക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
തത്സമയ ബസ് വിവരങ്ങൾ നൽകുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, മൊബൈൽ ആപ്പുകൾ, വാട്സാപ്പ് ടിക്കറ്റിംഗ് എന്നിവയുൾപ്പെടെയുള്ള ആധുനിക ഡിജിറ്റൽ സേവനങ്ങൾ കെഎസ്ആർടിസി ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായാണ് ഡിപ്പോകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നത്. നേരത്തെ പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ എം അരുൺ വികസിപ്പിച്ച ട്രംപറ്റ് എന്ന ആപ്പ് വഴിയുള്ള ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാൻ കെഎസ്ആർടിസി പദ്ധതിയിട്ടിരുന്നു.
ഡിസംബർ രണ്ടാം വാരത്തോടെ ബസ് സ്റ്റാൻഡുകളിലെ ശബ്ദ അനൗൺസ്മെന്റുകൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. അനൗൺസ്മെന്റുകൾ ഒഴിവാക്കുന്നത് ഭിന്നശേഷി സൗഹൃദമാകില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.