Banner Ads

അഞ്ചു മാസമായി ശുചീകരണമില്ല; ഗുരുവായൂരിലെ പ്രധാന തോടുകൾ മാലിന്യക്കൂമ്പാരമാകുന്നു, രോഗഭീതിയിൽ നാട്ടുകാർ

തൃശൂർ : ഗുരുവായൂർ നഗരസഭാ പരിധിയിലെ പ്രധാന ജലസ്രോതസ്സുകളായ വലിയ തോടും ചെറിയ തോടും മാലിന്യക്കൂമ്പാരമായതോടെ പരിസ്ഥിതി-ആരോഗ്യ ഭീഷണിയിൽ പ്രദേശം. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി തോടുകളിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.

ജൈവമാലിന്യങ്ങൾ ചീഞ്ഞളിയുന്നതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇതുമൂലം തോടിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമായി മാറി. കൊതുകുശല്യവും രോഗഭീതിയും വർധിച്ചതോടെ ജനങ്ങൾ പ്രതിഷേധത്തിലാണ്.

സാധാരണയായി നഗരസഭാ ആരോഗ്യവിഭാഗം ആഴ്ചതോറും തോടുകൾ ശുചീകരിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും മുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മാലിന്യം ശേഖരിച്ചു മാറ്റാനുള്ള വാഹനങ്ങളുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം.

നഗരസഭയുടെ മൂന്ന് വാഹനങ്ങൾ നിലവിൽ കേടായി കിടക്കുകയാണെന്നും വാടകയ്ക്ക് വാഹനങ്ങൾ ലഭ്യമാകാത്തതാണ് ശുചീകരണം വൈകാൻ കാരണമെന്നും വാർഡ് കൗൺസിലർ നൗഷാദ് അഹമ്മദ് വ്യക്തമാക്കി.