
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിനെ ആത്മഹത്യയിലേക്ക് നയിച്ച ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് പ്രതികളെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചത്.
ഋഷികേഷ് തിവാരി (ഉത്തർപ്രദേശ്, ഖാസിയാബാദ് സ്വദേശി) പ്രശാന്ത് ഖേവൽ (ഉത്തർപ്രദേശ് സ്വദേശി) പ്രകാശ് ജയ് (ഹരിയാന, ഫരിദാബാദ് സ്വദേശി)നോയിഡയിൽ നിന്ന് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സംഘം പിടികൂടിയ പ്രതികളെ കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെത്തിച്ചത്.
‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പ് വഴി നിതിൻ രാജ് 14,000 രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പ്രതികൾ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത ദിവസം പോലും ക്രൂരമായ സന്ദേശങ്ങൾ അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിതിൻ രാജിന്റെ അധ്യാപികയെ വിളിച്ച് അശ്ലീലമായി സംസാരിച്ച പരാതിയും ഇവർക്കെതിരെയുണ്ട്.പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്. ഓൺലൈൻ വായ്പാ കെണികളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.