Banner Ads

നിതിൻ രാജിന്റെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ ആന്ധ്രപ്രദേശിലെ ചിറ്റൂരിലെത്തിയ അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്ന റാം, താടി വളർത്തി രൂപമാറ്റം വരുത്തിയാണ് വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.

മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഡോ. റാം ഒളിവിൽ പോയത്.മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതി ഡോ. റാമിന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്.ക്ലാസ് മുറിയിൽ സഹപാഠികളുടെ മുന്നിൽവെച്ച് നിതിൻ രാജ് കടുത്ത അധിക്ഷേപത്തിന് ഇരയായെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിൽ അപമാനിക്കപ്പെടുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസികാവസ്ഥ അധ്യാപകർ മനസ്സിലാക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു.

ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളിൽ നിന്ന് അധ്യാപകന് ഒഴിഞ്ഞുമാറാനാകില്ലെന്നും തങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ പ്രത്യാഘാതങ്ങൾ അധ്യാപകർ തിരിച്ചറിയണമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പ്രതി ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നടന്ന സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഡോ. റാം കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന വിവരം സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.