
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തിന് പിന്തുണയുമായി അവതാരകയും സാമൂഹിക പ്രവർത്തകയുമായ രഞ്ജിനി ഹരിദാസ് സമരവേദിയിൽ. വിദ്യാഭ്യാസം രാജ്യത്തെ ഓരോ പൗരനും പ്രധാനപ്പെട്ട വിഷയമാണെന്നും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെയും നടക്കുന്ന സമരമായതിനാലാണ് പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
വാങ്ചുക്കിനെ സമരവേദിയിൽ നിന്ന് കൊണ്ടുപോയ രീതി കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്ന ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൈകാര്യം ചെയ്തത്. യൂണിഫോം പോലും ധരിക്കാത്ത ചിലർ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടുപോകുന്നതുപോലെയാണ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയത്.
നീറ്റ് പരീക്ഷയ്ക്ക് രാജ്യത്ത് വലിയ പ്രാധാന്യമുണ്ട്. ഗ്രാമങ്ങളിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന സാധാരണക്കാരായ മാതാപിതാക്കൾ കഷ്ടപ്പാടുകൾ സഹിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. പഠിച്ച കുട്ടികൾ ജീവനൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നു. ഈ വിഷയങ്ങളിൽ വ്യക്തമായ മറുപടി നൽകാതിരിക്കുന്നത് നിരാശാജനകമാണ്.
ജന്തർ മന്തറിലേക്ക് എത്തുന്നതിന് പോലീസ് നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചു. സംഘർഷമുണ്ടാക്കാനല്ല. ന്യായമായ അവകാശങ്ങൾക്കായി സമാധാനപരമായി എത്തിയ യുവാക്കൾക്ക് നേരെയാണ് പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചത്. സമരം കണ്ടുനിന്ന തനിക്കുവരെ അടി കിട്ടുന്ന സാഹചര്യമുണ്ടായി. പരിക്കേറ്റ കുട്ടികൾക്ക് വെള്ളം കൊടുക്കാൻ പോലും അനുവദിച്ചില്ല.
താൻ സംസാരിക്കുന്നത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല, സർക്കാരിന്റെ തെറ്റായ നിലപാടുകൾക്കെതിരെയാണെന്ന് രഞ്ജിനി വ്യക്തമാക്കി. സത്യത്തിന് വേണ്ടി സംസാരിക്കാൻ എന്തിന് ഭയക്കണമെന്നും രഞ്ജിനി ഹരിദാസ് ചോദിച്ചു.