
കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) എന്നിവയിലെ വിദഗ്ധരടങ്ങുന്ന സംഘമാണ് എത്തിയത്.
ഇവർ സംസ്ഥാന ആരോഗ്യ വകുപ്പ് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയും തുടർന്ന് നടക്കുന്ന നിപ അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.അതിനിടെ, നിപ ബാധിതനുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന മൂന്ന് പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായത് വലിയ ആശ്വാസമായി.
രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയ മൂന്ന് പേരുടെ സ്രവമാണ് പരിശോധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ അടിയന്തര പരിശോധനയിലാണ് ഇവരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്.