Banner Ads

പ്രളയച്ചുഴിയിൽ നേപ്പാൾ: മിന്നൽ പ്രളയത്തിൽ 157 മരണം; 133 ഇന്ത്യക്കാരെയടക്കം കാണാതായി

കാഠ്മണ്ഡു : ടിബറ്റൻ അതിർത്തിയിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയുണ്ടായ ദുരന്തത്തിൽ ഇതുവരെ 157 പേർ മരിച്ചതായാണ് വിവരം. 750ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരുമുണ്ട്. രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിലാണ് പ്രളയം വലിയ നാശനഷ്ടമുണ്ടാക്കിയത്.

നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലത്തിൽ സെക്കൻഡുകൾക്കുള്ളിൽ കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. ബസുകളടക്കമുള്ള വാഹനങ്ങളും നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയി. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർസ്റ്റേഷനുകൾ തകർന്നതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ദുരന്തമേഖലയിൽ നേപ്പാൾ സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിദേശികളായ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.