
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കവിഞ്ഞു. 2,500-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. കൈലാസ് മാനസരോവർ തീർത്ഥാടകരും ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളുമാണ് കാണാതായവരിൽ ഭൂരിഭാഗവും. കാണാതായവർക്കായി സൈന്യത്തിന്റെയും വിവിധ ഏജൻസികളുടെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
ഇതിനിടെ, രക്ഷപ്പെടുത്തിയ പ്രളയബാധിതരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റതായി നേപ്പാൾ പോലീസ് അറിയിച്ചു.ഏഴ് മലയാളികൾ ഉൾപ്പെടെ 275 ഇന്ത്യൻ പൗരന്മാരെയും 128 ഇന്ത്യൻ വംശജരെയുമാണ് നിലവിൽ പ്രളയത്തിൽ കാണാതായിരിക്കുന്നത്. കാണാതായ മലയാളികളിൽ പൊന്നാനി സ്വദേശികളായ നാല് പേരെ കേന്ദ്രീകരിച്ച് ടിബറ്റൻ അതിർത്തി മേഖലകളിൽ തിരച്ചിൽ പുരോഗമിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായാണ് വിവരം.
വിദേശരാജ്യങ്ങളിൽ നിന്നുള്ള നിരവധിയാളുകളും പ്രളയത്തിൽ കുടുങ്ങിയിട്ടുണ്ട്. കാണാതായ 85 യു.എസ് പൗരന്മാരിൽ 9 പേരെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായതെന്ന് അമേരിക്ക വ്യക്തമാക്കി.വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ നൂറിലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇവർക്കായി ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം തിരച്ചിൽ നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനും അടിയന്തര സഹായങ്ങൾക്കുമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ ആരംഭിച്ചു.