
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ നടപടിയുമായി ഡൽഹി പോലീസ്. സി.ജെ.പിയുടെ (CJP) നേതൃത്വത്തിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട വ്യക്തികൾക്കും പ്രമുഖ ന്യൂസ് പോർട്ടലുകൾക്കും പോലീസ് നോട്ടീസ് അയച്ചു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അപകീർത്തികരമായ സന്ദേശങ്ങൾ പങ്കുവെച്ച നിരവധി എക്സ് (ട്വിറ്റർ) അക്കൗണ്ട് ഉടമകളുടെ പേര്, വിലാസം, ഐ.പി അഡ്രസ്, ലോഗിൻ-ലോഗ്ഔട്ട് വിവരങ്ങൾ തുടങ്ങിയവ അടിയന്തരമായി കൈമാറാൻ ഡൽഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചട്ടലംഘനം നടത്തിയ പോസ്റ്റുകൾ എത്രയും വേഗം പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാനും അന്വേഷണം പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിച്ചുവെക്കാനും എക്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ജന്തർ മന്തറിലെ പ്രതിഷേധ സമയത്തും അതിനുശേഷവും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഉള്ളടക്കങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസിന്റെ ഈ നടപടി.