Banner Ads

ഇടുക്കി ജനവാസ മേഖലയ്ക്കു സമീപം ; കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത് തുടരുന്നു

ഇടുക്കി: മുള്ളരിങ്ങാടിനെ ഭീതിയിലാഴ്ത്തി വീണ്ടും ജനവാസ മേഖലയ്ക്കു സമീപം കാട്ടാനകള്‍ ഇറങ്ങിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഇവിടെ കൃഷിയിടത്തിലിങ്ങിയ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചിരുന്നു.ഏതു സമയവും ഇതു കടന്ന് ആനകള്‍ എത്തുമെന്നാണ് ജനങ്ങളുടെ ഭയം. അതിനാല്‍ വാഹന യാത്രക്കാര്‍ പോലും ഇതു വഴി കടന്നു പോകാന്‍ ഭയപ്പെടുകയാണ്. നേരത്തെ ഈ റൂട്ടില്‍ ഇരുചക്ര വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തതിനെ തുടര്‍ന്ന് യാത്രക്കാരന് വീണു പരുക്കേറ്റിരുന്നു.

ഏതാനും ദിവസം മുമ്പ് കാട്ടാന ആക്രമണത്തില്‍ അമല്‍ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട അമയല്‍ത്തൊട്ടിയ്ക്കു സമീപമാണ് വീണ്ടും കാട്ടാനകള്‍ എത്തിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മ്ലാവടി കീഴ്മുറി തോമസിന്റെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത്. രാവിലെ മുതല്‍ തന്നെ മ്ലാവടി ഭാഗത്ത് ആനകള്‍ തമ്പടിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നിന്നാണ് കാട്ടാന ഫെന്‍സിംഗ് ഇല്ലാത്ത ഭാഗം വഴി ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. ഇതിനിടെ ആനയെ പ്രദേശത്തു നിന്നും തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസി മുള്ളരിങ്ങാട് വനംവകുപ്പ് ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധ സമരം നടത്തി.

വാട്ടപ്പള്ളില്‍ ഡെന്നിയാണ് വീടിനു സമീപത്തു നിന്നും ആനയെ തുരത്തണമെന്ന ആവശ്യവുമായി സമരം നടത്തിയത്. ഫെന്‍സിംഗിന് അപ്പുറമാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നതെങ്കിലും ഇവ ജനവാസ മേഖലയിലേക്ക് കടന്നു വരാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.രാത്രി കാലങ്ങളില്‍ നാട്ടുകാര്‍ തീ കൂട്ടിയും പടക്കംപൊട്ടിച്ചുമാണ് ഇപ്പോള്‍ ആനകളെ പ്രദേശത്തു നിന്നും അകറ്റുന്നത്. വനംവകുപ്പ് വാച്ചര്‍മാരും ആര്‍.ആര്‍.ടി സംഘവും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ആനകളെ ഉള്‍ക്കാട്ടിലേയ്ക്ക് തുരത്തുന്ന കാര്യത്തില്‍ വനംവകുപ്പ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *