
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ അഷ്കറിനും അഖിലയ്ക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അഷ്കറിന്റെ മാതാവ് രംഗത്ത്. അഷ്കറും കുട്ടിയുടെ അമ്മ അഖിലയും ചേർന്ന് കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.ഭക്ഷണം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അഷ്കർ ക്രൂരമായി ചവിട്ടാറുണ്ടായിരുന്നു. ഇത്തരത്തിലുണ്ടായ അതിക്രൂരമായ മർദനമാകാം കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും അവർ വെളിപ്പെടുത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കുഞ്ഞ് നേരിട്ടത് സങ്കൽപ്പിക്കാൻ കഴിയാത്തവിധമുള്ള പീഡനങ്ങളാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.കുഞ്ഞിന്റെ ശരീരത്തിലുടനീളം ചെറുതും വലുതുമായ 91 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.നിരന്തരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക ക്ഷതങ്ങളും തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചത്.മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ് കുഞ്ഞിന്റെ ഇരു കൈകളും ഒടിഞ്ഞിരുന്നു. അന്ന് പടിക്കെട്ടിൽ നിന്ന് വീണതാണെന്ന് പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
എന്നാൽ ഇത് ക്രൂരമായ മർദനത്തെത്തുടർന്ന് സംഭവിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു. കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് അഷ്കറിന്റെ മാതാവും സ്ഥിരീകരിച്ചു.പ്രതികളായ അഷ്കറും അഖിലയും ഒരുമിച്ച് താമസിക്കുന്നതിന് ഒന്നരവയസ്സുകാരനായ അർഷിദ് തടസ്സമാണെന്ന് ഇരുവരും കരുതിയിരുന്നു. ഇതാണ് കുഞ്ഞിനെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.അഷ്കർ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയും ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുമ്പോൾ അമ്മയായ അഖില ഇത് തടയാനോ പോലീസിൽ വിവരമറിയിക്കാനോ ശ്രമിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതികളായ അഷ്കറിനെയും അഖിലയെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.