
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് നീറ്റിലിറക്കി. പത്ത് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സീഡ് ബോട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്തു. 12 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങിയത്. നേരത്തെയുണ്ടായിരുന്ന സ്പീഡ് ബോട്ട് 15 വർഷം മുമ്ബ് തകരാറിലായതിനാൽ മറ്റു വകുപ്പുകളുടെ ബോട്ടിനെ ആശ്രയിച്ചായിരുന്നു ജലവിഭവ വകുപ്പ് ഇത്രയും കാലം പരിശോധന നടത്തിയിരുന്നത്. ഇത് സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. പരിശോധന മുടങ്ങാനും സാഹചര്യമൊരുക്കി.ബോട്ട് സ്വന്തമായി വാങ്ങി നീറ്റിലിറക്കുമെന്ന് 2021ൽ ജലവിഭവ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നര വർഷത്തിനു ശേഷമാണ് ഇത് യാഥാർഥ്യമായത്. പുതിയ ബോട്ടിൽ അര മണിക്കൂർ കൊണ്ട് മതക്കടിയിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയും.