
തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് പതിപ്പിച്ച നടപടിയെ രാഷ്ട്രീയമായി നേരിടാനും പ്രതിഷേധം കടുപ്പിക്കാനും സിപിഎം തീരുമാനം. പിണറായിയെ മനപൂർവം അപമാനിക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്നാണ് പാർട്ടിയുടെ നിലപാട്.
വരും വെള്ളിയാഴ്ച പിണറായി ഇഡിക്ക് മുന്നിൽ ഹാജരാകില്ല. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ കോടതി നിലപാട് അറിഞ്ഞ ശേഷമാകും തുടർനടപടികൾ. അതേസമയം കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഇഡി വേഗത്തിൽ നീക്കങ്ങൾ നടത്തുന്നുണ്ട്.
ഡൽഹിയിൽ നിന്നുള്ള ഇഡി സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയായിരിക്കും ചോദ്യം ചെയ്യൽ നടത്തുക. സമൻസ് കൈപ്പറ്റിയില്ലെന്നോ ലഭിച്ചില്ലെന്നോ വാദിച്ച് ഒഴിയാതിരിക്കാനാണ് ക്ലിഫ് ഹൗസ് പരിസരത്തെ വീട്ടിൽ ഇഡി നേരിട്ടെത്തി സമൻസ് പതിപ്പിച്ചത്.
തപാലിൽ സമൻസ് വരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പൊലീസിനെ ഒപ്പം കൂട്ടി ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. എന്നാൽ ഇതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് പാലിച്ചതെന്നുമാണ് ഇഡി നൽകുന്ന വിശദീകരണം.