
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമാകുന്ന സാഹചര്യത്തിൽ വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. നാളെ (ചൊവ്വാഴ്ച) കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നാളെ (ചൊവ്വാഴ്ച): കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ടാണ്.
വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും ആയിരിക്കും.അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം.
കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ നാളെ വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.