
തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന്റെ തീവ്രത കുറയുന്നു. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ മാത്രമാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മറ്റ് ജില്ലകളിൽ ഇടിയോടും കാറ്റോടും കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.