
ദില്ലി : ആകാശത്തുവെച്ച് എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ഗോവയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംങ് നടത്തി. 229 യാത്രക്കാരുമായി 14000 അടി ഉയരത്തിൽ പറക്കവേയാണ് വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്. തുടർന്ന് ഗോവയിലെ മോപ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു.
രാവിലെ 9.15 ഓടെയാണ് വിമാനം മോപ വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് യാത്ര തിരിച്ചത്. പറന്നുയർന്ന് 10 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മോപ എയർ ട്രാഫിക് കണ്ട്രോൾ റൂം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
9.50 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പത്ത് മണിയോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിക്കുകയും ചെയ്തു. സാങ്കേതിക തകരാറുകൾ പരിശോധിച്ചു വരികയാണെന്നും വൈകീട്ട് 3.30ന് ദില്ലിയിലേക്ക് വിമാന സർവീസ് പുറപ്പെടുമെന്നും ഇൻഡിഗോ മാനേജ്‌മെന്റ് അറിയിച്ചു.