
ഇംഫാല്‍ : കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെത്തി. മഴ കാരണം ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി. റോഡ് മാർഗമാണ് അദ്ദേഹം ചുരാചന്ദ്പൂരിലെത്തിയത്.
മണിപ്പൂരിലെ 120 സ്കൂളുകളുടെയും കോളേജുകളുടെയും സ്പോർട്സ് കോംപ്ലക്സിൻ്റെയും നിർമ്മാണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ചുരാചന്ദ്പൂരില്‍ എത്തിയ മോദി കുട്ടികളുമായി സംസാരിച്ചു. 7000 കോടിയുടെ പദ്ധതി വലിയ വികസനമുണ്ടാക്കും.
മണിപ്പൂരിലെ കുന്നുകൾ കഠിനാധ്വാനത്തിൻ്റെ പ്രതീകമാണെന്നും മണിപ്പൂർ സാഹസികതയുടെ ഭൂമിയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയെ വരവേൽക്കാൻ ത്രിവർണ്ണ പതാകയേന്തി ആയിരങ്ങളാണ് റോഡിനിരുവശവും തടിച്ചുകൂടിയത്. മണിപ്പൂരിൻറെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇംഫാലിനെ ദേശീയ റെയിൽവേ പാതയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ അക്രമസംഭവങ്ങൾ പലരെയും ബാധിച്ചെന്നും, ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന ഉത്തമ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 7000 പുതിയ വീടുകൾ നിർമ്മിക്കും. ഇതിനായി 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും മോദി പ്രഖ്യാപിച്ചു.