Banner Ads

കേസുകളുണ്ടെന്ന് കരുതി കുറ്റക്കാരനാകില്ല; വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയാകുകയോ കോടതി ശിക്ഷ വിധിക്കുകയോ ചെയ്തിട്ടില്ല.

ചില കേസുകളിലെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, നൽകിയ ബഹുമതി റദ്ദാക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.