
തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. അലോഷ്യസ് സന്ദർശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക തിരക്കുകളിലായിരുന്നുവെന്നും സന്ദർശനാനുമതി മനഃപൂർവ്വം നിഷേധിച്ചതല്ലെന്നും ഓഫീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് അലോഷ്യസുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് സാധ്യമായില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കൂടിക്കാഴ്ച നിഷേധിച്ചെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വന്നതിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
കെഎസ്‌യുവിനെതിരെ മുഖ്യമന്ത്രി മുൻപ് നടത്തിയ ചില പ്രതികരണങ്ങളിൽ സംഘടനയുടെ നിലപാടും വിയോജിപ്പും നേരിട്ടറിയിക്കാനാണ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചിരുന്നത്. അലോഷ്യസിന് കൂടിക്കാഴ്ച അനുവദിച്ചില്ലെന്ന വാർത്ത വന്നതോടെ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു.
“കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാൻ നാട്ടിലെ ഏതൊരു പൗരനും അവകാശമുണ്ട്.
പിണറായി വിജയൻ സി.പി.എമ്മിന്റെ മാത്രമല്ല, കേരളത്തിന്റെ ആകെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓർക്കണം.”— ജിന്റോ ജോൺ കോൺഗ്രസ് നേതാവ്
ജിന്റോ ജോൺ, വി.ആർ. അനൂപ് അടക്കമുള്ള യുവനേതാക്കൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം തണുപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിശദീകരണവുമായി എത്തിയത്.