
പാലക്കാട്: കെഎസ്ആർടിസി ബസ്സിൽ കടത്താൻ ശ്രമിച്ച 538 ഗ്രാം എംഡിഎംയുമായി യുവാവ് പിടിയിൽ. ബസ്സിലെ യാത്രക്കാരനായ തൃശ്ശൂർ പുതുൂർ സ്വദേശി റെനിൽ രാജനാണ് പിടിയിലായത്.എക്സൈസ് സംഘത്തിൻറെ പരിശോധനയിലാണ് പാലക്കാട് വാളയാറിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കടത്താൻ ശ്രമിച്ച MDMA പിടികൂടിയത്. ബസ്സിലെ യാത്രക്കാരനായ തൃശ്ശൂർ പുതുൂർ സ്വദേശി റെനിൽ രാജനാണ് പിടിയിലായത്. ഇയാളിൽനിന്ന് 538 ഗ്രാം ലഹരി മരുന്നാണ് കണ്ടെടുത്തത്.
ഇത് കോയമ്പത്തൂരിൽ നിന്ന് വാങ്ങിയത് എന്നാണ് പ്രതി എക്സൈസ് നൽകിയ വിവരം. പ്രതിക്ക് ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധമുള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസ്സിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ കോളേജുകളിൽ ഉൾപ്പെടെ യുവാക്കൾക്ക് വിൽപ്പന നടത്താനായിരുന്നു ലഹരി എത്തിച്ചത്. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയിൽ ഒന്നരക്കോടി രൂപയിൽ ഏറെ വില വരും. വിപണിയിൽ കൃത്രിമ ഡിമാൻഡ് ഉണ്ടാക്കി അതിലും കൂടുതൽ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി.
പാലക്കാട് ജില്ലയിൽനിന്ന് ഈ വർഷം പിടിച്ചെടുക്കുന്ന ഏറ്റവും വലിയ എംഡി എം എ വേട്ടയാണിത്. അതുകൊണ്ടുതന്നെ പ്രതിക്ക് പിന്നിൽ വലിയൊരു ഗ്രൂപ്പ് ഉള്ളതായി സംശയിക്കുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു. കൂടുതൽ അന്വേഷണവും ഇതിനെക്കുറിച്ച് നടക്കും. പ്രതി റെനിൽ രാജേന്ദ്രൻ ആദ്യമായാണ് എക്സൈസിന്റെ വലയിൽ പെടുന്നത്. അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ മറ്റു കേസുകൾ നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതിക്ക് സവാള കച്ചവടം കൂടി ഉണ്ടെന്ന് എക്സൈസ് പറഞ്ഞു.
കഴിഞ്ഞവർഷം പിടിച്ചെടുത്ത ഒരു കിലോ എംഡി എംഎയാണ് ജില്ലയിലെ ഏറ്റവും വലിയ മെത്ത് വേട്ട. അതിനെ തുടർന്നുള്ള രണ്ടാമത്തെ സംഭവമാണ് ഇന്നത്തെത് . സർക്കിൾ ഇൻസ്പെക്ടർ അജയകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന റൈഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്, തൗഫീഖ്, ഹരികൃഷ്ണൻ, സുബിൻ രാജ്, അനീഷ് എന്നിവരും പങ്കെടുത്തു. തമിഴ്നാട്ടിലെ ആന്റി നാർക്കോട്ടിക് വിങ്ങുമായി കേരളം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവരിൽനിന്ന് ലഭിച്ച ചില സൂചനകൾ പ്രകാരം കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി അതിർത്തിയിൽ വലിയ ചെക്കിങ് ആണ് ഏർപ്പെടുത്തിയിരുന്നത് എന്നും എക്സൈസ് പറഞ്ഞു