Banner Ads

മലപ്പുറത്ത് മഴയിലും കാറ്റിലും വൻ കൃഷിനാശം: 3.5 കോടിയുടെ നഷ്ടം; കനത്ത തിരിച്ചടിയേറ്റ് വാഴ കർഷകർ

മലപ്പുറം: കഴിഞ്ഞ ഏഴു മാസത്തിനിടെ പെയ്ത കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും മലപ്പുറം ജില്ലയിൽ 3.5 കോടി രൂപയുടെ കൃഷിനാശം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിലെ 162 കർഷകരെയാണ് പ്രകൃതിക്ഷോഭം നേരിട്ട് ബാധിച്ചത്.ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് വാഴ കർഷകർക്കാണ്. കാറ്റിലും മഴയിലും 55,150 വാഴകൾ കടപുഴകി വീണതിലൂടെ 3.3 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

ഇതുകൂടാതെ, 28.2 ഹെക്ടറിലെ മരച്ചീനി കൃഷി നശിച്ച് 11.28 ലക്ഷം രൂപയുടെയും, 11.28 ഹെക്ടറിലെ പച്ചക്കറി കൃഷി പാഴായി 5.34 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി. 1.4 ഹെക്ടർ നെൽകൃഷിയും ആറ് പ്രധാന നെല്ലുൽപാദന കേന്ദ്രങ്ങളും നശിച്ചതിലൂടെ 1.25 ലക്ഷം രൂപയുടെ നഷ്ടവും രേഖപ്പെടുത്തി.

കൂടുതൽ നാശനഷ്ടം വേങ്ങരയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത് വേങ്ങര ബ്ലോക്കിലാണ് (1.08 കോടി രൂപ). കൂടാതെ വണ്ടൂർ (51.64 ലക്ഷം), കാളികാവ് (49.6 ലക്ഷം), പരപ്പനങ്ങാടി (43.49 ലക്ഷം), കൊണ്ടോട്ടി (35.15 ലക്ഷം), മഞ്ചേരി (26.35 ലക്ഷം) എന്നീ ബ്ലോക്കുകളിലും വൻ വിളനാശമാണ് ഉണ്ടായിട്ടുള്ളത്.