Banner Ads

ലഹരിമരുന്ന് രംഗങ്ങൾക്ക് കർശന മുന്നറിയിപ്പ് നിർബന്ധം: സെൻസർ മാർഗ്ഗനിർദ്ദേശം പുതുക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗമോ കടത്തോ ചിത്രീകരിക്കുന്ന സിനിമാ രംഗങ്ങളിൽ കർശനമായ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതുക്കിയ സെൻസർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പുനഃസംഘടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം നിലവിൽ വന്നത്.

ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന രംഗങ്ങളിൽ “അനധികൃത ലഹരിമരുന്നുകൾ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു” എന്ന മുന്നറിയിപ്പ് സ്‌ക്രീനിൽ കൃത്യമായി പ്രദർശിപ്പിക്കണമെന്നാണ് പ്രധാന നിർദ്ദേശം. സിനിമാറ്റോഗ്രാഫ് ആക്ടിന് കീഴിൽ സെപ്റ്റംബർ 16-നാണ് പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശം മന്ത്രാലയം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത്.

നേരത്തെയുണ്ടായിരുന്ന സർട്ടിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോ, ന്യായീകരിക്കുന്നതോ, മഹത്വവൽക്കരിക്കുന്നതോ ആയ രംഗങ്ങൾ സിനിമയിൽ ഇല്ലെന്ന് സെൻസർ ബോർഡ് ഉറപ്പാക്കണമെന്ന് മാത്രമായിരുന്നു വ്യവസ്ഥ. എന്നാൽ ഇത്തരം രംഗങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കുന്നത് നിർബന്ധമായിരുന്നില്ല. ഈ വ്യവസ്ഥയിലാണ് പുതിയ തിരുത്തലിലൂടെ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.