
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതിയിൽ വൻതോതിൽ അനർഹർ കടന്നുകൂടിയതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തെ സൗജന്യ റേഷൻ ഗുണഭോക്താക്കളിൽ 13.2 ശതമാനം പേരും അനർഹരാണെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തിയ പഠനത്തിൽ വ്യക്തമായത്. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 51,303 ഗുണഭോക്തൃ കുടുംബങ്ങളിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ സൗജന്യ റേഷൻ കൈപ്പറ്റുന്നവരിൽ കാറുള്ളവരും സർക്കാർ ജോലിക്കാരുമടക്കം ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പലരും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്.മൂന്നോ അതിലധികമോ മുറികളുള്ള കോൺക്രീറ്റ് വീടുകൾ, കാർ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾ, എയർ കണ്ടീഷണർ (AC) എന്നിവയുള്ളവരും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുള്ളവരും സൗജന്യ റേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ 12.5 ശതമാനവും നഗരപ്രദേശങ്ങളിൽ 15.6 ശതമാനവുമാണ് അനർഹരുടെ നിരക്ക്.ഏറ്റവും ദരിദ്രരായ അന്ത്യോദയ അന്ന യോജന (AAY) വിഭാഗത്തിൽ 12.2 ശതമാനവും മുൻഗണനാ വിഭാഗത്തിൽ (PHH) 13.4 ശതമാനവുമാണ് അനർഹരെ കണ്ടെത്തിയത്.കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് അനർഹർ ഏറ്റവും കൂടുതൽ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും ഉയർന്ന നിരക്ക് (39.5%). മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ കണക്കുകൾ പശ്ചിമ ബംഗാൾ: 39.5% ത്രിപുര: 39.2% തമിഴ്നാട്: 38.7% മേഘാലയ: 28.5% ബിഹാർ: 25.5% ഒഡീഷ: 22.9%