
കോട്ടയം : അകലക്കുന്നത്തും പാലാ നഗരത്തിലും വൻ മോഷണം. അകലക്കുന്നം പൂത്തിളപ്പിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും പാലായിൽ നാലിടങ്ങളിൽ നിന്നായി നാല് ലക്ഷത്തോളം രൂപയും കവർന്നു. അകലകുന്നം പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകീട്ടോടെ കവർച്ച നടന്നത്.
വീട്ടുകാർ പുറത്തുപോയ സമയത്ത് മുൻവാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കുട്ടികളുടെ ആഭരണങ്ങൾ ഉൾപ്പെടെ അലമാരയിൽ സൂക്ഷിച്ചിരുന്ന 23 പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാവിവരം അറിയുന്നത്.
വീട്ടിൽ സ്വർണമുണ്ടായിരുന്നതും ആളില്ലാത്ത സമയവും കൃത്യമായി അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാലാ നഗരത്തിലെ സ്റ്റേഡിയം ജംഗ്ഷനിൽ ഇന്ന് പുലർച്ചെയാണ് രണ്ടാമത്തെ സംഭവം.
ഒരു തുണിക്കട, സ്പോർട്സ് കട, മീൻ കട, പഴക്കട എന്നിങ്ങനെ തുടർച്ചയായ നാല് സ്ഥാപനങ്ങളിൽ നിന്നായി നാല് ലക്ഷത്തോളം രൂപ കവർന്നു. കടകളിലെ സിസിടിവി ക്യാമറകൾ തകർത്ത ശേഷമായിരുന്നു മോഷണം. എങ്കിലും പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.