
കുർണൂൽ: ആന്ധ്രപ്രദേശിലെ കുർണൂലിൽ തീർഥാടകർ സഞ്ചരിച്ച പിക്ക് അപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ കുഞ്ഞുൾപ്പെടെ എട്ട് പേർ മരിച്ചു. കുർണൂൽ ധർമ്മപൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് നടുക്കുന്ന അപകടം നടന്നത്. പരിക്കേറ്റ 12 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.കർണാടക സ്വദേശികളായ 21 അംഗ സംഘം മന്ത്രാലയയിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് ദർശനത്തിനായി പോവുകയായിരുന്നു.തീർഥാടകർ സഞ്ചരിച്ച പിക്ക് അപ്പ് വാൻ എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയുമായി അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എട്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അഞ്ച് സ്ത്രീകൾ, രണ്ട് പുരുഷന്മാർ, മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടി എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
എല്ലാവരും കർണാടക സ്വദേശികളാണ്.അപകടവിവരമറിഞ്ഞ് കുർണൂൽ പോലീസ് ഉടൻ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.