Banner Ads

ഐപിഎല്ലിന് വിടപറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി; അടുത്ത സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘മെന്റർ’ റോളിൽ

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചു. അടുത്ത ഐപിഎൽ സീസൺ മുതൽ കളിക്കളത്തോട് വിടപറയുന്ന ധോണി, ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘മെന്റർ’ (ഉപദേഷ്ടാവ്) പദവിയിലേക്ക് മാറും. 2008-ൽ ആരംഭിച്ച ഐപിഎൽ ചരിത്രത്തിൽ ഒരു കളിക്കാരനും ഫ്രാഞ്ചൈസിയും തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ ബന്ധത്തിനാണ് ഇതോടെ ഔദ്യോഗികമായി തിരശീല വീഴുന്നത്.
2007-ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ താരമാണ് ധോണി. അന്ന് അതൊരു പരീക്ഷണമായാണ് പലരും കണ്ടതെങ്കിലും, പിന്നീട് അഞ്ച് ഐപിഎൽ കിരീടങ്ങളും ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക ബ്രാൻഡുകളിൽ ഒന്നുമായി സിഎസ്‌കെയെ മാറ്റിയെടുക്കാൻ ‘ക്യാപ്റ്റൻ കൂളിന്’ സാധിച്ചു. 2010, 2011, 2018, 2021, 2023 വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎൽ ചാമ്പ്യന്മാരാക്കി. മുംബൈ ഇന്ത്യൻസിനൊപ്പം ലീഗിലെ ഏറ്റവും വിജയകരമായ ടീമായി ചെന്നൈയെ മാറ്റിയത് ധോണിയുടെ ക്യാപ്റ്റൻസിയാണ്.
2010-ലും 2014-ലും ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും ധോണിക്ക് കീഴിൽ ടീം സ്വന്തമാക്കി.കളിച്ച സീസണുകളിലെല്ലാം പ്ലേഓഫിലും നിർണായക പോരാട്ടങ്ങളിലും സജീവസാന്നിധ്യമായിരുന്ന സിഎസ്‌കെയെ 10 ഐപിഎൽ ഫൈനലുകളിലേക്കാണ് ധോണി നയിച്ചത്.കളിക്കളത്തിലെ മാന്ത്രിക നായകനിൽ നിന്ന് തന്ത്രപരമായ ഉപദേഷ്ടാവിന്റെ റോളിലേക്കുള്ള ധോണിയുടെ ഈ കൂടുമാറ്റം വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകവും സിഎസ്‌കെ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.