Banner Ads

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 9 ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നാളെ (സെപ്റ്റംബർ 28) പ്രാദേശിക അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒൻപത് ജില്ലകളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സെപ്റ്റംബർ 28 തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് അതാത് ജില്ലാ കളക്ടർമാർ പ്രാദേശിക അവധി ഉത്തരവിറക്കിയത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമായിരിക്കില്ല.കോട്ടയം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിർദിഷ്ട വാർഡുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ്, മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16, 17, 18, 19 വാർഡുകൾ, പായിപ്പാട് പഞ്ചായത്തിലെ 1 മുതൽ 17 വരെയുള്ള വാർഡുകൾ, തൃക്കൊടിത്താനം പഞ്ചായത്തിലെ 1 മുതൽ 22 വരെയുള്ള വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ.

പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കും.വോട്ടെണ്ണൽ കേന്ദ്രങ്ങളായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിനും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ 29-നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.