
ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങൾ പെട്രോളിന് പകരം ഭൂരിഭാഗവും എഥനോൾ (ആൽക്കഹോൾ) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പെട്രോളിൽ 85 ശതമാനം എഥനോൾ കലർത്തുന്ന ‘ഇ85’ (E85) ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കും. നിലവിലെ ഇ20 ഇന്ധനത്തിന് പിന്നാലെയാണ് വിപ്ലവകരമായ ഈ ‘ഫ്ലെക്സ് ഫ്യൂവൽ’ പദ്ധതി വരുന്നത്.
എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, ആഗോള എണ്ണവിപണിയിലെ അസ്ഥിരത മറികടക്കാൻ ഈ നീക്കം സഹായിക്കും.കരിമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നത് കർഷകർക്ക് വലിയ വരുമാനമാർഗ്ഗമാകും.പുനരുപയോഗിക്കാവുന്ന ഇന്ധനമായതിനാൽ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. 100 ശതമാനം എഥനോളിൽ ഓടുന്ന കാർ നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രദർശിപ്പിച്ചിരുന്നു.
ഇ85 ഇന്ധനം ഉപയോഗിക്കുന്നതിന് നിലവിലെ എഞ്ചിനുകളിൽ ചില മാറ്റങ്ങൾ അത്യാവശ്യമാണ്.ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത എഞ്ചിനുകൾ ആവശ്യമാണ്.സാധാരണ പെട്രോൾ എഞ്ചിനുകളിൽ ഇ85 ഉപയോഗിക്കുന്നത് തുരുമ്പെടുക്കാനും പ്രവർത്തനക്ഷമത കുറയാനും കാരണമാകും.
അതിനാൽ പുതിയ എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കൾക്ക് സർക്കാർ നിർദ്ദേശം നൽകും.പെട്രോൾ പമ്പുകളിൽ ഇ20-ക്ക് പുറമെ ഇ85 വിതരണം ചെയ്യാനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ടി വരും.ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ഈ നീക്കം കരുത്തേകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.