
തിരുവനന്തപുരം : ലഹരിക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ സിപിഎം തയാറാകുന്നില്ല. അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നൽകിയ അപേക്ഷ നാല് തവണയാണ് പാർട്ടി നേതൃത്വം നിരസിച്ചത്. 2001 മുതൽ പാർട്ടി അംഗമായിരുന്ന ബിനീഷ് കോടിയേരിയെ 2020ൽ ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് മരവിപ്പിച്ചത്.
2023 ൽ ബിനീഷിനെ കോടതി പൂർണമായും കുറ്റവിമുക്തനാക്കി. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ചയാവുകയും നേതൃത്വത്തിനെതിരെ ചോദ്യങ്ങൾ ഉയരുകയും ചെയ്തു. ബിനീഷ് നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും പാർട്ടി എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതാണ് ഉയർന്ന ചോദ്യം. ആലോചിച്ച് തീരുമാനമെടുക്കാം എന്ന് മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി നൽകിയത്.