Banner Ads

പ്രളയത്തിലും പേമാരിയിലും വിറച്ച് കേരളം: എട്ട് മരണം, എട്ട് പേരെ കാണാതായി; കേന്ദ്രത്തിന്റെ എസ് ഡി ആർ ഫ് ഫണ്ടിൽ കേരളമില്ല

ദില്ലി : രാജ്യത്ത് പ്രളയവും മണ്ണിടിച്ചിലും നേരിടുന്ന സംസ്ഥാനങ്ങൾക്കായി 2,117.85 കോടി രൂപയുടെ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ട് (SDRF) കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിതല സമിതിയെയും നിയോഗിച്ചു. എന്നാൽ കേന്ദ്രം പുറത്തുവിട്ട ധനസഹായ പട്ടികയിൽ കേരളം ഇടംപിടിച്ചില്ല.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത മഴയിലും സംസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പേമാരിയിലും പ്രളയത്തിലുംപെട്ട് എട്ട് പേർ മരിച്ചു. എട്ട് പേരെ കാണാതായി. 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു.

209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു. പേമാരി ഏറ്റവും കൂടുതൽ നാശം വിതച്ച പത്തനംതിട്ടയിൽ മാത്രം 1600 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ജനവാസ മേഖലകളിൽ ചെളി മൂടിയ നിലയിലാണ്.