
ദില്ലി: രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാജ്യത്തിന്റെ പരമോന്നത പത്മപുരസ്കാരങ്ങൾ മലയാളികൾ ഏറ്റുവാങ്ങി. പത്മപുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ജേതാക്കൾക്ക് ബഹുമതികൾ സമ്മാനിച്ചത്. രണ്ട് ഘട്ടങ്ങളിലായി ഇത്തവണ ആകെ ഏഴ് മലയാളികളാണ് രാജ്യം നൽകിയ പരമോന്നത ആദരവിന് അർഹരായത്.
രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേർ പുരസ്കാരങ്ങൾ കൈപ്പറ്റി.രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരം കേരളത്തിൽ നിന്ന് രണ്ട് പ്രമുഖർ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസ് നിയമരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി പുരസ്കാരം സ്വീകരിച്ചു.ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ പൊതുസേവന രംഗത്തെ സംഭാവനകൾക്ക് പത്മവിഭൂഷൺ ബഹുമതി ഏറ്റുവാങ്ങി.
മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺഅഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചത്.സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ജനറൽ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള ദീർഘകാല പ്രവർത്തനങ്ങൾ മുൻനിർത്തി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി.
കലാമണ്ഡലം വിമല മേനോന് പത്മശ്രീ പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. കലാരംഗത്ത് അവർ നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരം മേയ് 25 ന് നടന്ന ഒന്നാം ഘട്ട പത്മ പുരസ്കാര സമർപ്പണ ചടങ്ങിൽ കേരളത്തിൽ നിന്നും രണ്ട് പേർ പത്മശ്രീ ഏറ്റുവാങ്ങിയിരുന്നു. ശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾക്ക് ഡോ. എ. ഇ. മുത്തുനായകവും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശ്രീമതി ദേവകിയമ്മയുമാണ് ആദ്യഘട്ടത്തിൽ ആദരമേറ്റുവാങ്ങിയത്.