Banner Ads

കാസർകോട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ മൂന്ന് പവന്റെ സ്വർണ്ണമാല കവർന്നു

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് പുലയനടുക്കത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു. നെല്ലിത്തറ പുലയനടുക്കം സ്വദേശിനി സിന്ധു (43) ധരിച്ചിരുന്ന ഏകദേശം മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് രണ്ട് അജ്ഞാതർ കവർന്നത്. പ്രദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു കവർച്ച റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.സംഭവം ഇന്നലെ വൈകിട്ട് 5.40ഓടെയായിരുന്നു. ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണമാണ് നഷ്ടമായത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തി വസ്ത്രം മാറിയ ശേഷം സാധനങ്ങൾ വാങ്ങാനായി സിന്ധു സ്വന്തം സ്കൂട്ടറിൽ കാഞ്ഞങ്ങാട്ടേക്ക് പോയിരുന്നു. സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ മറ്റൊരു സ്കൂട്ടറിലെത്തിയ രണ്ട് പേർ സിന്ധുവിനെ പിന്തുടർന്നെങ്കിലും അത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് അവർ പറഞ്ഞു.വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പുലയനടുക്കം ഭാഗത്ത് എത്തിയപ്പോഴാണ് പ്രതികൾ ആക്രമണം നടത്തിയത്.

സിന്ധുവിന്റെ സ്കൂട്ടറിന് കുറുകെ സ്വന്തം സ്കൂട്ടർ നിർത്തിയ പ്രതികളിൽ ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്തു. തുടർന്ന് സിന്ധുവിനെ തള്ളിയിട്ട പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.