
തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ (ജൂലൈ 4) കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജൂലൈ 05ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
ജൂലൈ 06ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂലൈ 07ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
ദുരന്തസാധ്യത പ്രദേശങ്ങളിലുള്ളവർ പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറാൻ തദ്ദേശ/റവന്യൂ അധികാരികളുമായി ബന്ധപ്പെടുക. ജലാശയങ്ങളിൽ ഇറങ്ങുന്നതും മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും പൂർണ്ണമായും ഒഴിവാക്കണം.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. അപകടസാധ്യത ഘട്ടങ്ങളിൽ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘ഓറഞ്ച് പുസ്തകം 2026’ൽ ലഭ്യമാണ്.