Banner Ads

തമിഴ്‌നാട് തേനി ജയിൽ ചാട്ടം: ഒളിവിലായിരുന്ന മുഴുവൻ പ്രതികളും പിടിയിൽ

ചെന്നൈ: തമിഴ്‌നാട് തേനി സബ് ജയിലിൽ നിന്ന് ചാടിപ്പോയ മുഴുവൻ തടവുകാരും പൊലീസിന്റെ പിടിയിലായി. ഒളിവിലായിരുന്ന അവസാന രണ്ട് പ്രതികളെയും ചിന്നമണ്ണൂരിൽ നിന്ന് ഉത്തംപാളയത്തിലേക്കുള്ള വഴിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തിരുപ്പതി, മീനാക്ഷി സുന്ദരം എന്നിവരാണ് ഒടുവിൽ പിടിയിലായത്.വനമേഖലയിൽ ഒളിവിൽ കഴിയുന്നതിലെ ബുദ്ധിമുട്ടുകൾ കാരണമാണ് ഇവർ കീഴടങ്ങാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇതിനിടെ സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.

ഇന്ന് ഉച്ചയ്ക്ക് മറ്റ് രണ്ട് പേരും പിടിയിലായിരുന്നു.കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ ശക്തമായ ഡ്രോൺ നിരീക്ഷണത്തിൽ എട്ട് പ്രതികളും, തുടർന്ന് രാവിലെ നടത്തിയ അന്വേഷണത്തിൽ അഞ്ച് പേരും പിടിയിലായിരുന്നു. തടവുകാർ ജയിൽ ചാടിയ സംഭവം തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രതികൾ എല്ലാവരും പിടിയിലായതോടെ പൊലീസിന് ആശ്വാസമായി.പിടിയിലായ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജയിൽ ചാടാൻ ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.