
സന്നിധാനം: ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ കണ്ടെത്തിയ നിറവ്യത്യാസം നെയ്യ് വീണതുമൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഭക്തിപൂർവ്വം മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതാണ് ഇതിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. മേൽക്കൂരയിൽ മൂന്നിടത്തായിരുന്നു ഇത്തരത്തിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ ഈ ഭാഗങ്ങൾ കഴുകി പൂർണ്ണമായും വൃത്തിയാക്കി.
കഴിഞ്ഞ ദിവസമാണ് ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് നെയ്യാണെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്നാണ് ഇന്ന് മേൽക്കൂര വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) കഴിഞ്ഞ ദിവസം സന്നിധാനത്ത് വിശദമായ പരിശോധന നടത്തി. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഈ നടപടി. പരിശോധനയുടെ ഭാഗമായി ശ്രീകോവിലിനുള്ളിലെ പ്രഭാമണ്ഡലം അടക്കമുള്ളവ ഇളക്കിമാറ്റിയാണ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തിയത്.