
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ‘ഇന്ത്യ’ (INDIA) സഖ്യത്തിലെ എംപിമാർ നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞതോടെ സമാജ്‌വാദി പാർട്ടി (എസ്പി) പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി.
പൊലീസ് വഴിതടഞ്ഞതിനെ തുടർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിക്ക് പുറമെ അഖിലേഷ് യാദവ്, ബിജു ജനതാദൾ (ബിജെഡി) നേതാക്കൾ തുടങ്ങി നിരവധി മുതിർന്ന പ്രതിപക്ഷ നേതാക്കളും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധക്കാർക്ക് നേരെ അമിത ബലപ്രയോഗം നടത്തരുതെന്ന് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഗാന്ധി ജയന്തി ദിനത്തിലാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നതെങ്കിൽ, ഇന്നുമുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും നേരിട്ട് പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.