Banner Ads

മെഡിക്കൽ കോളേജിൽ നിന്ന് ഓട്ടോ മോഷ്ടിച്ച സംഭവം: കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ സാഹസികമായി പിടിയിൽ

തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജ് പാർക്കിംഗിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ വാഹനമോഷ്ടാവ് ‘അണ്ണാൻ ഷാജി’ പോലീസിന്റെ പിടിയിലായി. എറണാകുളം ജില്ലയിലെ ചെറുവട്ടൂരിൽ വെച്ച് മാസങ്ങൾ നീണ്ട പിന്തുടരലിനൊടുവിൽ തൃശൂർ മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്. തിരുവനന്തപുരത്തു നിന്നും മോഷ്ടിച്ച മറ്റൊരു ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെയാണ് ഇയാൾ വലയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തു നിന്നും ഇയാൾ ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇടുക്കി സ്വദേശിയായ ഷാജി മൂവാറ്റുപുഴയിൽ വാടകവീട്ടിൽ ഒളിവിലിരിക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും താമസസ്ഥലങ്ങൾ നിരന്തരം മാറിപ്പോകുന്നതും പോലീസിന് വലിയ വെല്ലുവിളിയുയർത്തി.പ്രതിയുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തിനെയും മാസങ്ങളോളം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് പോലീസിന് ഇയാളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നാണ് പോലീസ് സംഘം പിടികൂടിയത്.

വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി വാഹന മോഷണക്കേസുകളിൽ പ്രതിയാണ് ഷാജി. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ. കിരൺ എസ്.ന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എ.എസ്.ഐ. സിബു, എസ്.സി.പി.ഒ. അഭിലാഷ്, സി.പി.ഒമാരായ ഷാഹിദ്, അഭയ് ഘോഷ് എന്നിവരാണ് ഉണ്ടായിരുന്നത്.