Banner Ads

ലൈംഗിക അധിക്ഷേപ കേസിൽ ; വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: വ്യവസ്ഥകളോടെ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചു, സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു.ബോഡി ഷെയ്മിം​ഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല.

മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും വ്യക്തമാക്കി.

ജാമ്യ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ അൽപ്പസമയത്തിനകം ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാവും.ദ്വായർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്.പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല എന്ന പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.ബോബി ചെമ്മണ്ണൂരിന്‍റെ പ്രസ്താവനകളിൽ കടുത്ത വിയോജിപ്പാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്.

നടി ഹണി റോസിന്‍റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ദ്വയാർഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തിൽ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്.സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ചോദിച്ചു.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം.ജാമ്യം നൽകിയാൽ കർശന ഉപാധി വേണമെന്ന് സർക്കാരും നിലപാടെടുത്തു. ഇത് പരിഗണിച്ചാണ് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *