Banner Ads

ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമോ; മാധ്യമപ്രവർത്തനത്തിന്റെ അതിരുകൾ ലംഘിച്ചവർക്കെതിരെ ഗൗരി ജി കിഷൻ

ചെന്നൈ : സിനിമ പ്രൊമോഷനിടെ ബോഡി ഷെയ്മിംഗ് നടത്തിയ വ്ലോഗർക്കെതിരെ തന്റെ നിലപാടിലുറച്ച് നടി ഗൗരി ജി കിഷൻ. എന്‍റെ ശരീരം എന്‍റെ ചോയ്സാണ്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഗൗരി പ്രതികരിച്ചു. താൻ സംസാരിച്ചത് പൊതുവെ സ്ത്രീകൾക്ക് വേണ്ടിയാണ്. നാളെ മറ്റൊരു നടിക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് താൻ തുറന്നടിച്ചതെന്നും ഗൗരി വ്യക്തമാക്കി.

യൂട്യൂബറോട് ചോദ്യം ചെയ്തപ്പോൾ ആ മുറിയിൽ ഉണ്ടായിരുന്നവർ തന്നോട് മാപ്പ് പറയണമെന്നാണ് അയാൾ ആവശ്യപ്പെട്ടത്. വാർത്താസമ്മേളനത്തിൽ തന്റെ ടീമിലെ ഒരംഗം പോലും പ്രതികരിച്ചില്ല എന്ന വിഷമകരമായ കാര്യവും ഗൗരി പറഞ്ഞു. വിഷയം ചർച്ചയായ ശേഷം സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ പിന്തുണയുമായി എത്തിയത് സന്തോഷം നൽകുന്നതായും ഗൗരി കൂട്ടിച്ചേർത്തു.

ഗൗരിയുടെ പുതിയ സിനിമയായ അദേഴ്സിന്റെ വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. നടിയുടെ ഭാരത്തെയും ഉയരത്തെയും കുറിച്ച് സിനിമയുടെ സംവിധായകനോട് ഒരു യൂട്യൂബർ ചോദിക്കുകയായിരുന്നു. ഈ ചോദ്യമാണ് ഗൗരിയെ പ്രകോപിപ്പിച്ചത്. ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു വെയിറ്റെന്ന് ചിരിയോടെ അയാൾ നടനോട് ചോദിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് ഡയറക്ടറോടും ചോദിച്ചു. സിനിമയെക്കുറിച്ചോ ഞാൻ ചെയ്ത കഥാപാത്രത്തെക്കുറിച്ചോ ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്സ് കരുതുന്നത്. ഞാനും പഠിച്ചത് ജേർണലിസമാണ്. 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നു. താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ഗൗരി തുറന്നടിച്ചു. വ്‌ളോഗറുടെ ചോദ്യവും അതിന് ഗൗരി നൽകിയ ശക്തമായ മറുപടിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. നടൻ കവിൻ, ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ നിരവധി പേർ ഗൗരിക്ക് പിന്തുണയുമായി രംഗത്തെത്തി.