Banner Ads

വിദേശപഠന വാഗ്ദാനം ലംഘിച്ചു; ഐഇഎൽറ്റിഎസ് പരിശീലന കേന്ദ്രം വിദ്യാർത്ഥിനിക്ക് 1.07 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ കൺസ്യൂമർ ഫോറത്തിന്റെ നിർണ്ണായക ഇടപെടൽ. കോഴിക്കോട്ടെ സ്വകാര്യ ഐഇഎൽറ്റിഎസ് (IELTS) പരിശീലന കേന്ദ്രം വിദ്യാർത്ഥിനിക്ക് 1.07 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.കോഴ്‌സ് ഫീസായി ഈടാക്കിയ 92,180 രൂപ തിരികെ നൽകാനും, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 15,000 രൂപ നൽകാനുമാണ് വിധി.

കമ്മീഷൻ പ്രസിഡന്റ് എസ്. പ്രിയ, അംഗം വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.കോഴിക്കോട്ടെ ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്ന സ്ഥാപനത്തിലാണ് പെൺകുട്ടി പരിശീലനത്തിന് ചേർന്നത്.കാനഡയിൽ ഉപരിപഠനത്തിനുള്ള എല്ലാ അവസരങ്ങളും ഒരുക്കാമെന്നും, വിസ ലഭിക്കാൻ ആവശ്യമായ കട്ട്ഓഫ് മാർക്ക് നേടാനായില്ലെങ്കിൽ മുഴുവൻ ഫീസും തിരികെ നൽകാമെന്നും മാങ്കാവ് സ്വദേശിയായ ഒരു ജീവനക്കാരൻ പെൺകുട്ടിക്ക് ഉറപ്പുനൽകിയിരുന്നു.

എന്നാൽ സിലബസ് പ്രകാരമുള്ള ക്ലാസുകൾ പോലും കൃത്യമായി നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. തന്മൂലം യോഗ്യത നേടാൻ വിദ്യാർത്ഥിനിക്ക് സാധിക്കാതെ വരികയായിരുന്നു.വിദ്യാർത്ഥിനിക്ക് ആവശ്യമായ ക്ലാസുകളും സേവനങ്ങളും നൽകുന്നതിൽ പരിശീലന കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും സേവന പോരായ്മയും ഉണ്ടായതായി ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.